എങ്ങനെ തുടങ്ങണം, എന്ത് തുടങ്ങണം, എവിടെ തുടങ്ങണം എന്ന് അറിയില്ല.
തുടക്കം കിട്ടിയാല്‍ പിന്നെ അവസാനമില്ലാതെ അത് തുടരും.
പിന്നെ അതിനൊരു ഒടുക്കം കിട്ടണമെങ്കില്‍ ദൈവമേ...

अहम् ब्रह्मास्मि - ഞാന്‍ ദൈവമാകുന്നു

വെറുതെ പറഞ്ഞതാ.. ഒരു പൊതു തത്ത്വം...
ജീവിതം പലരെയും പലതും പഠിപ്പിക്കുന്നു.
ജീവിതത്തിന്‌ മുന്നില്‍ പകച്ചു നിന്നു പോയ പല സന്ദര്‍ഭങ്ങളും ഉണ്ട്.
തിരിഞ്ഞു നോക്കുമ്പോള്‍ എല്ലാം നല്ലതിനാണെന്ന് കരുതി ചിരിക്കുന്നു.
പലപ്പോഴും ദൈവത്തിനെ ചീത്ത വിളിച്ചിട്ടുണ്ട്.
പിന്നീട് ദൈവം എനിക്കായ് നല്കിയതെല്ലാം നല്ലതായിരുന്നു എന്ന് ഓര്‍ത്തപ്പോള്‍ കണ്ണ് നിറഞ്ഞുപോയി.


ഒരുപാടു കൂട്ടുകാര്‍ എനിക്കുണ്ട്.
നല്ലവരും ചീത്തവരും ഒക്കെ. കാര്യം കാണാന്‍ കൂടെ നടക്കുന്നവരും ആത്മാര്‍ഥമായി സ്നേഹിക്കുന്നവരും ഒക്കെ. എല്ലാവരെയും ഞാന്‍ ഒന്നായി കാണുന്നു. അടുക്കേണ്ടവരോട് ആത്മാര്‍ഥമായി അടുക്കുകയും അകറ്റേണ്ടവരെ അകറ്റി നിര്‍ത്തുകയും ചെയ്തു.
ദൈവം തന്ന വരദാനം പോലെ ചില നല്ല സുഹൃത്തുക്കള്‍. മറ്റുള്ളവര്‍ മറന്നാലും ഇപ്പോഴും എന്നെ ഓര്‍ക്കുന്ന ചിലര്‍. സ്നേഹിക്കുന്ന ചിലര്‍. ഞാന്‍ എന്നെക്കാളേറെ സ്നേഹിച്ചിരുന്ന ഒരുവന്‍ ഇന്നെന്റെ കൂടെ ഇല്ല. പക്ഷെ ഞങ്ങള്‍പിരിഞ്ഞിട്ടില്ല. ഇനി ഇപ്പോള്‍ പിരിഞ്ഞാലും അവന് എന്നെയും എനിക്ക് അവനെയും മറക്കാന്‍ കഴിയില്ല. അത്രയ്ക്ക് ഞാന്‍ അവനെ സ്നേഹിച്ചു പോയി. ഉള്ളു കൊണ്ടു ഞങ്ങള്‍ ഇപ്പോഴുംസംസാരിക്കാറുണ്ട്.
സഹോദരിമാര്‍ എന്നും എനിക്കൊരു ദൗര്‍ബല്യമായിരുന്നു. സ്വന്തമായി ഒരു ചേച്ചിയോ അനിയത്തിയോ എനിക്കില്ല. പിന്നെ കസിന്‍ സിസ്റ്റേഴ്സ്.
അവര്‍ എപ്പോഴും കൂടെ ഇല്ലല്ലോ. എനിക്ക് ഒരു ചേച്ചിയുടെ സ്നേഹവും ശാസനയും കിട്ടാന്‍ ആവോളം കൊതിച്ചിട്ടുണ്ട്. ഒരു അനിയത്തിയെ ലാളിക്കാന്‍ കൊതിച്ചിട്ടുണ്ട്. പക്ഷെ അടുത്ത കുറഞ്ഞ ചില കാലയളവിനുള്ളില്‍ എനിക്ക് എണ്ണമറ്റ ചേച്ചിമാരെയും വിരലിലെന്നാവുന്ന അനിയത്തിമാരെയും ലഭിച്ചു. നിധി പോലെ ഞാന്‍ ഇന്നും അവരെ സ്നേഹിക്കുന്നു.
ഞാന്‍ ആരാണെന്ന് ഇതുവരെ പറഞ്ഞില്ലല്ലോ. എന്നെ പരിചയമുള്ളവര്‍ അപ്പു എന്ന് വിളിക്കും.സ്നേഹമുള്ളവര്‍ അപ്പുക്കുട്ടാന്നും അപ്പൂസേന്നും വിളിക്കും. സത്യം പറഞ്ഞാല്‍ ഞാന്‍ ഒരു ഭയങ്കര നാണം കുണുങ്ങി ആണ്. അധികം ആരോടും മിണ്ടാറില്ല. എന്നാല്‍ മിണ്ടിതുടങ്ങിയാലോ. നിര്‍ത്താറുമില്ല. ഒരാളെ അടുത്ത്‌ പരിചയപെട്ടു കിട്ടിയാല്‍ മതി. പിന്നെ അയാള്‍ എന്റെ സ്വന്തം ആളാണ്. എന്റെ സുഹൃത്ത്.

© All Rights Reserved by SR TecH DeZ 2013